മലയാളത്തിന്റെ ആദ്യത്തെയും അവസാനത്തെയും പിൻഗാമി | The first and last 'pingami' of Malayalam

ഗോളാന്തരവാർത്ത' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് ഒരു ചെറിയ ഇടവേളയെടുത്ത് അന്തിക്കാട്ടെ വീട്ടിലിരിക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു. തിരക്കഥാകൃത്തായ രഘുനാഥ് പലേരിയുടേതായിരുന്നു അത്. സൗഹൃദസംഭാഷണത്തിന് ശേഷം താൻ എഴുതിയ ചെറുകഥ ഒന്ന് വായിക്കാൻ സമയം കിട്ടുമോ എന്ന് രഘുനാഥ് സത്യനോട് ചോദിച്ചു. സത്യ
ൻ ചിരിച്ചു കൊണ്ട് അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു.
"കുമാരേട്ടൻ പറയാത്ത കഥ" എന്നായിരുന്നു കഥയുടെ പേര്. ക്രൈം സ്വഭാവമുള്ള കഥ. സ്ഥിരം സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ സ്വഭാവമുള്ളതല്ലായിരുന്നു അത്.
"ഇതെന്തിനാ എന്നെ കൊണ്ട് വായിപ്പിച്ചത്?" - സത്യൻ ചോദിച്ചു.
"ഈ കഥയ്ക്ക് ഒരു സത്യൻ അന്തിക്കാട് സിനിമയുടെ സ്വഭാവം കൈവന്നാൽ നന്നായിരിക്കും. ഒരു കുടുംബത്തിന്റെ നഷ്ടം ഹൃദയസ്പർശിയായി അവതരിക്കപ്പെടുന്നത് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ്. ഇതൊരു പക്കാ ക്രൈം ത്രില്ലറായി കാണാൻ എനിക്ക് താല്പര്യവുമില്ല," രഘുനാഥ് മറുപടി പറഞ്ഞു.
സത്യൻ രഘുനാഥിനോട് തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടു. കഥാനായകന് ഒരു മോഹൻലാൽ കഥാപാത്രത്തിന്റെ സ്വഭാവം ആദ്യമേ തോന്നിയിരുന്നു. അഞ്ച് വർഷത്തോളം മോഹൻലാൽ ചിത്രങ്ങൾ ചെയ്യാതിരുന്ന സത്യൻ, വൈകാതെ രഘുനാഥിനെയും കൂട്ടി മോഹൻലാലിനെ കണ്ട് തിരക്കഥ ചർച്ച ചെയ്തു. തിരക്കഥയുടെ പുതുമ കണ്ട് മോഹൻലാൽ അപ്പോൾ തന്നെ ഡേറ്റ് നൽകി. ഒപ്
പം, ചിത്രം തന്റെ പ്രൊഡക്ഷൻ ബാനറായ പ്രണവം ആർട്സ് നിർമിക്കുമെന്ന വാക്കും നൽകി.
ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിലെ സുജാത തീയേറ്ററിൽ വച്ചായിരുന്നു നടത്തിയത്. അതേസമയം മോഹൻലാൽ-പ്രിയദർശൻ ചിത്രമായ 'തേന്മാവിൻ കൊമ്പത്തി'ന്റെ ഡബ്ബിങ് ജോലികളും അവിടെ പുരോഗമിച്ചിരുന്നു. പിൻഗാമിയുടെ ഫസ്റ്റ് കോപ്പി കണ്ട പ്രിയദർശൻ ചിത്രത്തിന്റെ റ
ിലീസ് 'തേന്മാവിൻ കൊമ്പത്തി'നൊപ്പം ആണെന്ന് അറിഞ്ഞ് അത് നീട്ടിവച്ചുകൂടെ എന്ന് ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന സത്യൻ, "തേന്മാവിൻ കൊമ്പത്തിന്റെ റിലീസും നീട്ടി വെക്കാം," എന്ന് തമാശയായി പറഞ്ഞു.
റിലീസിന് മുൻപ്, ഇതൊരു ആക്ഷൻ ചിത്രമാണെന്ന് തോന്നിക്കാനായി "ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്!" എന്ന ടാഗ് ലൈൻ തീരുമാനിച്ച് പോസ്റ്ററുകൾ അച്ചടിച്ചു. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ സത്യൻ അന്തിക്കാട് -മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ അന്നേ സിനിമാപ്രേമികളിൽ
ചർച്ചയായിരുന്നു.
ആദ്യം റിലീസായത് 'തേന്മാവിൻ കൊമ്പത്ത്' ആയിരുന്നു. അധികം വൈകാതെ 'പിൻഗാമി'യും റിലീസായി. വിജയചിത്രമായ 'തേന്മാവിൻ കൊമ്പത്തി'നു മുന്നിൽ അധികം കളക്ഷൻ നേടാൻ പിൻഗാമിയ്ക്ക് ആയില്ല. എങ്കിലും പിൽക്കാലത്ത് സിനിമാപ്രേമികൾ ഒരു കൾട്ട് മൂവി ആയി 'പിൻഗാമി'യെ വാഴ്ത്തി. എല്ലാം കഴിഞ്ഞപ്പോൾ പ്രിയൻ പറഞ്ഞ വാക്കുകളായിരുന്നു
സത്യന്റെ മനസ്സിൽ: "നല്ല ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കാൻ ചില കാലങ്ങളുണ്ട്.. ഇത് കാലം തെറ്റി ഇറങ്ങിയ ചിത്രമായിരുന്നു!"

Пікірлер

    Келесі